Total Pageviews

Monday, March 26, 2012

ഓര്‍മ്മപ്പെടുത്തലുകള്‍ ..

ഇതൊരു സംഭവ കഥയാണ്.. ഇപ്പഴും സംഭവിച്ചു കൊണ്ടിരിക്കുന്ന കഥയാണ്. ജീവിതമാണ്.. എന്റെ ഒരു സഹ പ്രവര്‍ത്തകന്റെ സുഹൃത്ത്, വളരെ സൌമ്യനും രസികനും മുഖം നിറഞ്ഞ ചിരിയോടെ മാത്രം സംസരിക്കുന്നവനുമായ ആ സുഹൃത്തിനെ സാങ്കല്പികമായി നമുക്ക് 'ഷിജു ജോണ്‍ ' എന്ന് വിളിക്കാം. ഫേസ് ബുക്കിലും മറ്റ് സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ മീഡിയകളിലെ നര്‍മ്മ സദസ്സുകളിലും വാദ പ്രതിവാദങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു കാറപകടത്തില്‍ ആ നല്ല മനുഷ്യന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളും സൌഹൃദ സദസ്സുകളും വാദ പ്രതിവാദങ്ങളും ഇല്ലാത്ത മറ്റൊരു ലോകത്തിലേക്ക്‌ യാത്രയായി, പലരിലും പല തരത്തിലുള്ള വികാരങ്ങള്‍ ബാക്കിയായി.... ദിവസങ്ങള്‍ കഴിഞ്ഞു.. ആഴ്ചകള്‍ കഴിഞ്ഞു.. രണ്ട് മാസത്തിനിപ്പുറം പലര്‍ക്കും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ മരിച്ച് തുടങ്ങി.. ചിന്തകളില്‍ പുതിയ പുതിയ വിഷയങ്ങള്‍ നിറഞ്ഞു.. Out of Sight, Out of Mind എന്ന പൊതു തത്വത്തിലധിഷ്ഠിതമാണല്ലോ ഓര്‍മ്മയും മറവിയുമൊക്കെ.. എന്നാല്‍ ഇതേ ലോകത്തിന്റെ മറ്റൊരു തലത്തില്‍ അയാള്‍ ജീവിക്കുന്നുണ്ടായിരുന്നു.. ഫേസ് ബുക്കിന്റെ മാന്ത്രിക വലയങ്ങള്‍ അദ്ധേഹത്തെ ജീവിപ്പിക്കുന്നു എന്ന് പറയുന്നതാവും ശരി.. Shiju John Tagged in a Photo, View Photos of Shiju John, Suggest friends for Shiju John തുടങ്ങിയ ഓട്ടോമാറ്റിക് ന്യൂസ് ഫീഡ്/അപ്ഡേറ്റുകള്‍ ഹോം പേജില്‍ വരുമ്പോള്‍ ഈ വ്യക്തി ഇന്നീ ഭൂമിയില്‍ ജീവിച്ചിരിപ്പില്ല എന്ന് വിശ്വസിക്കുന്നതെങ്ങനെ.. ഫേസ് ബുക്ക്‌ ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ ബന്ധുക്കളുടെ/സുഹൃത്തുക്കളുടെ/സഹോദരങ്ങളുടെ മാനസിക അവസ്ഥ എന്തായിരിക്കും.. എപ്പഴും ചാറ്റ് ചെയ്യാറുള്ള - ഇപ്പഴും വലതു വശത്ത് ഫ്രെണ്ട് ലിസ്റ്റില്‍ ഓഫ്‌ ലൈന്‍ ആയി കാണുന്ന വ്യക്തി ഇനി ഒരിക്കലും ഓണ്‍ലൈന്‍ വരില്ല എന്ന സത്യം ഉള്‍ക്കൊള്ളുന്നതെങ്ങനെ ? ആരാലും നിയന്ത്രിക്കപ്പെടാനില്ലാതെ ഓളത്തിലൊഴുകുന്ന പൊങ്ങു തടി പോലെ സഞ്ചരിക്കുന്ന ഈ അക്കൗണ്ട്‌ ചില ഓര്‍മ്മപ്പെടുത്തലുകളിലേക്കുള്ള ചൂണ്ടു പലകയാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്..

- രൂപേഷ്‌ കൈലാസ്‌ 

Wednesday, January 25, 2012

നരക വേഗം..

ഓര്‍മ്മകളിലെ ബാല്യത്തിന് എന്നും മധുരമായിരുന്നു.. ചെഞ്ചായം പൂശിയ പഴയ ഇരുത്തിക്കോലായില്‍  നിന്ന് ബഹു വര്‍ണ്ണങ്ങളായ സിമന്റു മുറ്റങ്ങളിലേക്കുള്ള ദൂരത്തിനിടയില്‍  ജീവിച്ച ബാല്യത്തിന് മണ്ണിന്റെ നിറവും പൂക്കളുടെ സുഗന്ധവും ഉണ്ടായിരുന്നു.. കണ്ടറിഞ്ഞ ദേശകാഴ്ചകളുടെ കാണാത്ത അതിരുകള്‍ തേടിയുള്ള സൈക്കിള്‍ യാത്രകള്‍ കണ്ണുകള്‍ക്ക്‌ വല്ലാത്തൊരു തിളക്കം സമ്മാനിച്ചിരുന്നു..
ഞാന്‍ അഹങ്കരിച്ചിരുന്നു, കാലമേറെ കഴിഞ്ഞാലും ലോകത്തിന്റെ ഏതൊക്കെ കോണുകള്‍ പാശ്ചാത്യ സംസ്കാരത്തില്‍ അഭിരമിച്ചാലും എന്റെ നാട് അതിന്റെ എല്ലാ വിധ തനിമയോടും ലാളിത്യത്തോടും കൂടി പുലരുമെന്ന്.. അവിടത്തെ ബാല്യം ഇപ്പഴും ഗോലികള്‍ നിറഞ്ഞു പ്രസവിക്കാറായ കീശയും പേറി നടക്കുന്നുണ്ടാകും എന്ന്.. പെറ്റമ്മയും വീടും ഒന്നെങ്കിലും പോറ്റമ്മയും വീടും പലതായി അവരെ ഊട്ടുന്നുണ്ടാവുമെന്ന്.. പക്ഷെ.. എന്റെ ചിന്തകള്‍ക്ക് ഭ്രാന്തായിരുന്നു..

നന്മ നിറഞ്ഞ ഗ്രാമ കാഴ്ചകളിലേക്ക് യന്ത്രവല്ക്കൃത ലോകം തന്റെ കഴുകന്‍ ചിറകുകള്‍ വിരിച്ച് പറന്നിറങ്ങിയപ്പോള്‍ ചോര പൊടിഞ്ഞത് തെങ്ങോലകളുടെ തണലില്‍ കളിച്ചു കൊണ്ടിരുന്ന നാടിന്റെ നന്മകള്‍ക്കായിരുന്നു, നാളെയുടെ സംസ്കാരങ്ങള്‍ക്കായിരുന്നു, ഈ സുന്ദര ബാല്യങ്ങള്‍ക്കായിരുന്നു.. മണ്‍കട്ടകള്‍ ചവിട്ടി ഉടച്ചു കളിച്ച് തിമര്‍ക്കാന്‍ നാം  അവര്‍ക്ക് വയലേലകള്‍ നല്‍കിയില്ല.. കളി കഴിഞ്ഞു മടങ്ങും നേരം ആരും കാണാതെ കട്ടു തിന്നാന്‍ വെള്ളരിയും, കക്കിരിയും, പയറ് മണികളും കൃഷി ചെയ്തില്ല.. മാങ്ങയുള്ള മാവില്‍ കല്ലെറിയാന്‍ പറഞ്ഞു കൊടുത്തില്ല.. നമ്മള്‍ക്ക് സമയമില്ലായിരുന്നു.. ഗ്രാമത്തെ നഗരവല്‍ക്കരിക്കുന്ന തിരക്കിലായിരുന്നു നാം.. കര്‍ഷകനും കലപ്പയും ഇന്ന് വിദേശി സഞ്ചാരിക്ക് ചൂണ്ടി കാണിച്ചു കൊടുക്കാനുള്ള കേരളത്തനിമയുടെ അടയാളങ്ങള്‍ മാത്രമാണ്.. അടച്ചു കെട്ടി പെയ്യുന്ന കര്‍ക്കിടക മഴയുടെ ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്ത് "നൊസ്റ്റാള്‍ജിയ" എന്ന് പേരിടുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു മലയാളി..
ഇരുന്നും നിന്നും ചവിട്ടി കറക്കിയ ചക്ര വേഗങ്ങള്‍ 200 CC ബൈക്കിന്റെ ചടുല വേഗങ്ങള്‍ക്ക് വഴി മാറിയപ്പോള്‍ തല കുനിച്ചു നിന്നവരെയും, വഴിയില്‍ കിതച്ചിരുന്നവരെയും തളര്‍ന്നു വീണവരെയും ആരും കണ്ടില്ല.. ചവിട്ടി കറക്കിയ ചക്ര വേഗങ്ങള്‍ക്കൊപ്പമായിരുന്നു ഈ പാവങ്ങളുടെ ജീവിതം.. അത് കൊണ്ട് തന്നെ കൈ വരിക്കുന്ന വേഗവും ദിക്കും ദിശയും കൃത്യമായി ഇവര്‍ക്കറിയാമായിരുന്നു.. പക്ഷെ ഇന്നത്തെ ലോകത്തിന് അവരെ ആവശ്യമില്ല.. ക്ഷമയില്ലാത്തവരുടേതാണീ ലോകം.. നരക വേഗത്തിനൊപ്പം സഞ്ചരിക്കാന്‍ നാം പലതും മറക്കേണ്ടിയിരിക്കുന്നു.. പലതും.. മറക്കാത്തവര്‍.. മറക്കാന്‍ കഴിയാത്തവര്‍ വീടിന്റെ ആര്‍ക്കും വേണ്ടാത്ത കോണുകളിലൊന്നിലേക്ക് വലിച്ചെറിയപ്പെടുന്നു.. ഇന്നിന്റെ ബാല്യം ആ കോണുകളെ നോക്കി വിളിക്കുന്നു - "അപ്പൂപ്പാ"..

എല്ലാവരും അവരവരുടെ 'മൊബൈല്‍' ലോകങ്ങളില്‍ തിരക്കിലാണ്.. മനുഷ്യന്‍ മനുഷ്യനെ മനസിലാക്കുന്നതിലേറെ യന്ത്രങ്ങള്‍ മനുഷ്യനെ മനസിലാക്കുന്ന ഒരു ലോകത്തിലാണ് ഇന്ന് നാം.. ദൈവങ്ങളോട് സംവദിക്കുന്ന യന്ത്രമായിരിക്കും മനുഷ്യന്റെ അടുത്ത സൃഷ്ടി.. അപ്പൊ മുത്തപ്പനും പയംകുറ്റിയും ചുറ്റു വിളക്കും നമുക്ക് "ONLINE" ആയിട്ട് നേരാം.. പടച്ചോറും പാല്‍പായസവും ഡൌണ്‍ലോഡ് ചെയ്തു കഴിക്കാം..

                                                                                                      രൂപേഷ്‌ കൈലാസ്‌