ഇതൊരു സംഭവ കഥയാണ്.. ഇപ്പഴും സംഭവിച്ചു കൊണ്ടിരിക്കുന്ന കഥയാണ്. ജീവിതമാണ്.. എന്റെ ഒരു സഹ പ്രവര്‍ത്തകന്റെ സുഹൃത്ത്, വളരെ സൌമ്യനും രസികനും മുഖം നിറഞ്ഞ ചിരിയോടെ മാത്രം സംസരിക്കുന്നവനുമായ ആ സുഹൃത്തിനെ സാങ്കല്പികമായി നമുക്ക് 'ഷിജു ജോണ്‍ ' എന്ന് വിളിക്കാം. ഫേസ് ബുക്കിലും മറ്റ് സോഷ്യല്‍ നെറ്റ്വര്‍ക്ക് മീഡിയകളിലെ നര്‍മ്മ സദസ്സുകളിലും വാദ പ്രതിവാദങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു കാറപകടത്തില്‍ ആ നല്ല മനുഷ്യന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളും സൌഹൃദ സദസ്സുകളും വാദ പ്രതിവാദങ്ങളും ഇല്ലാത്ത മറ്റൊരു ലോകത്തിലേക്ക് യാത്രയായി, പലരിലും പല തരത്തിലുള്ള വികാരങ്ങള്‍ ബാക്കിയായി.... ദിവസങ്ങള്‍ കഴിഞ്ഞു.. ആഴ്ചകള്‍ കഴിഞ്ഞു.. രണ്ട് മാസത്തിനിപ്പുറം പലര്‍ക്കും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ മരിച്ച് തുടങ്ങി.. ചിന്തകളില്‍ പുതിയ പുതിയ വിഷയങ്ങള്‍ നിറഞ്ഞു.. Out of Sight, Out of Mind എന്ന പൊതു തത്വത്തിലധിഷ്ഠിതമാണല്ലോ ഓര്‍മ്മയും മറവിയുമൊക്കെ.. എന്നാല്‍ ഇതേ ലോകത്തിന്റെ മറ്റൊരു തലത്തില്‍ അയാള്‍ ജീവിക്കുന്നുണ്ടായിരുന്നു.. ഫേസ് ബുക്കിന്റെ മാന്ത്രിക വലയങ്ങള്‍ അദ്ധേഹത്തെ ജീവിപ്പിക്കുന്നു എന്ന് പറയുന്നതാവും ശരി.. Shiju John Tagged in a Photo, View Photos of Shiju John, Suggest friends for Shiju John തുടങ്ങിയ ഓട്ടോമാറ്റിക് ന്യൂസ് ഫീഡ്/അപ്ഡേറ്റുകള്‍ ഹോം പേജില്‍ വരുമ്പോള്‍ ഈ വ്യക്തി ഇന്നീ ഭൂമിയില്‍ ജീവിച്ചിരിപ്പില്ല എന്ന് വിശ്വസിക്കുന്നതെങ്ങനെ.. ഫേസ് ബുക്ക് ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ ബന്ധുക്കളുടെ/സുഹൃത്തുക്കളുടെ/സഹോദരങ്ങളുടെ മാനസിക അവസ്ഥ എന്തായിരിക്കും.. എപ്പഴും ചാറ്റ് ചെയ്യാറുള്ള - ഇപ്പഴും വലതു വശത്ത് ഫ്രെണ്ട് ലിസ്റ്റില്‍ ഓഫ് ലൈന്‍ ആയി കാണുന്ന വ്യക്തി ഇനി ഒരിക്കലും ഓണ്‍ലൈന്‍ വരില്ല എന്ന സത്യം ഉള്‍ക്കൊള്ളുന്നതെങ്ങനെ ? ആരാലും നിയന്ത്രിക്കപ്പെടാനില്ലാതെ ഓളത്തിലൊഴുകുന്ന പൊങ്ങു തടി പോലെ സഞ്ചരിക്കുന്ന ഈ അക്കൗണ്ട് ചില ഓര്‍മ്മപ്പെടുത്തലുകളിലേക്കുള്ള ചൂണ്ടു പലകയാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്..
- രൂപേഷ് കൈലാസ്
- രൂപേഷ് കൈലാസ്
No comments:
Post a Comment